Loka Kerala Sabha (LKS)

Platform for the cultural, socio-political and economic integration of non-resident Keralites

പ്രവാസികളുടെ ആശങ്കകൾ പങ്കുവെച്ച് എമിഗ്രേഷൻ ബിൽ ചർച്ച

പ്രവാസികളുടെ ആശങ്കകൾ പങ്കുവെച്ച് എമിഗ്രേഷൻ ബിൽ ചർച്ച

ലോകകേരള സഭയുടെ ഭാഗമായി സംഘടിപ്പിച്ച വിഷയാടിസ്ഥാനത്തിലുള്ള ചർച്ചകളിൽ എമിഗ്രേഷൻ കരട് ബിൽ 2021 സംബന്ധിച്ച നടന്ന ചർച്ച പ്രവാസികളുടെ ബിൽ സംബന്ധിച്ച ഗൗരവമായ ആശങ്കകൾ പങ്കുവെക്കുന്ന വേദിയായി മാറി. ലോകമലയാളികളുടെ അഭിപ്രായം രാജ്യത്തിന്റെ പാർലമെന്റിൽ അവതരിപ്പിക്കാൻ ലഭിക്കുന്ന അവസരമാണിതെന്നും ചെയർപെഴ്സണായ റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ആമുഖപ്രസംഗത്തിൽ പറഞ്ഞു. ഒമ്പത് അധ്യായങ്ങളും 58 സെക്ഷനുകളും ഉള്ള ബിൽ പുതിയ കാലത്തെ കുടിയേറ്റം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പര്യാപ്തമല്ലെന്നും കുടിയേറ്റക്കാരെക്കുറിച്ചുള്ള നിർവചനം മുതൽ ഭേദഗതി വരുത്തേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മികച്ച കുടിയേറ്റ നിയമം കൊണ്ടുവരാൻ വിശദമായ ചർച്ചകൾ ആവശ്യമാണെന്നും ഏറ്റവുമധികം പ്രവാസികളുള്ള സംസ്ഥാനം എന്ന നിലക്ക് വിഷയത്തിൽ കേരളം അതിശക്തമായ സമ്മർദം ചെലുത്തണമെന്നും മോഡറേറ്ററായ കേരള എക്കണോമിക് അസോസിയേഷൻ പ്രസിഡന്റ് ഡോ. കെ.എൻ. ഹരിലാൽ പറഞ്ഞു.

പ്രവാസി എന്ന നിർവചനത്തിൽ വിദ്യാർഥികളെയും പ്രവാസികളുടെ കുടുംബങ്ങളെയും ഉൾപ്പെടുത്തണം, ബിൽ അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമാവണം, തുല്യജോലിക്ക് തുല്യവേതനം ഉറപ്പാക്കാൻ നിയമത്തിന് കഴിയണം, റിക്രൂട്ടിങ് തട്ടിപ്പുകൾക്ക് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ വ്യവസ്ഥ വേണം, റിക്രൂട്ടിങ് ഏജൻസികളെ നിയന്ത്രിക്കണം, പ്രവാസികളുടെ ആത്മാഭിമാനം ഉയർത്തുന്നതാകണം എമിഗ്രേഷൻ നിയമം, അതത് രാജ്യത്തെ തൊഴിൽ നിയമങ്ങളുടെ പരിരക്ഷ ലഭിക്കുന്നുണ്ട് ഉറപ്പുവരുത്താൻ നിയമത്തിൽ വ്യവസ്ഥ വേണം തുടങ്ങിയ ഒട്ടേറെ അഭിപ്രായങ്ങൾ ചർച്ചയിൽ ഉയർന്നു. പ്രവാസി വിഷയയങ്ങളിലുള്ള എംബസികളുടെ ഉദാസീനത, മടങ്ങിവരാതിരിക്കുന്ന പുതിയ തലമുറ പ്രവാസികളെക്കുറിച്ചുള്ള ആശങ്ക, ട്രാവൽ ഏജൻസികൾ തൊഴിൽ അന്വേഷകരെ പാക്കേജുകളിലൂടെ ചതിക്കുന്നതിന്റെ പ്രശ്നങ്ങൾ, സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന പ്രശ്നങ്ങൾ ബിൽ അഭിമുഖീകരിക്കാത്തത് തുടങ്ങിയ പലതരം ആശങ്കകളും വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ പങ്കുവെച്ചു. എംഎൽഎമാരായ എൻ.കെ. അക്ബർ, ഒ.എസ്. അംബിക, എ. രാജ, കെ. ആൻസലൻ, പി. ബാലചന്ദ്രൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, നോർക്ക വകുപ്പ് അഡീഷണൽ സെക്രട്ടറി സിന്ധു എസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

norka roots

Loka Kerala Sabha Secretariat
6th Floor Norka Center,
Thycaud, Thiruvananthapuram,
Kerala 695014
1800 425 3939 | 0091 471 2770533
9446303339 | 9446423339
www.lokakeralasabha.com
lksnorka@gmail.com